Tuesday, May 5, 2015

അളവിലും ഗുണനിലവാരത്തിലും തട്ടിപ്പ്

മയ്യഴിയിലെ പെട്രോള്‍-ഡീസല്‍ വില്പനയില്‍ അളവില്‍ കബളിപ്പിക്കലോ മായമോ ഇല്ലെന്ന് ഇന്ന് മയ്യഴിയിലെ ഒരു പെട്രോള്‍ പമ്പുകാരന്‍ എന്നോട് പറഞ്ഞു. ഇക്കാര്യം വിശദീകരിക്കാന്‍ അവര്‍ പത്രസമ്മേളനം വിളിക്കുവാന്‍ ആലോചിക്കുന്നുവെന്നും. ഇത് പറയുമ്പോള്‍ എന്റെകൂടെ മയ്യഴിയിലെ ചില പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അവരുടെ മുന്നില്‍വെച്ച് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍:
1. മയ്യഴിയിലൂടെ നിത്യവും പലതവണ കടന്നുപോകുന്ന തലശ്ശേരി-വടകര ബസ്സുകളും കോഴിക്കോട്- തലശ്ശേരി ബസ്സുകളും മുമ്പൊക്കെ മാഹിയിലെ പമ്പുകളില്‍ നിന്നായിരുന്നു ഇന്ധനം നിറച്ചിരുന്നത്. വിലക്കുറവ് ഉണ്ടായിട്ടും ഇപ്പോള്‍ ഒരൊറ്റ ബസ്സും മാഹിയിലെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറക്കാത്തത് എന്താണ്?
2.മാഹി പാലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടാക്സികാറുകള്‍ എന്താണ് മാഹിക്ക് പുറത്ത് ഓട്ടം പോകുമ്പോള്‍ കേരളത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത്? എന്താണ് വിലക്കുറവിന്റെ ആനുകൂല്യം അവര്‍ വേണ്ടെന്ന് വെക്കുന്നത്?
3,തട്ടിപ്പിനെക്കുറിച്ച് അറിയാത്തവരും ദൂരദേശക്കാരുമല്ലാതെ ആരെങ്കിലും മാഹിയില്‍ നിന്ന് പെട്രോളോ ഡീസലോ അടിക്കുന്നുണ്ടോ?
4.വന്‍തട്ടിപ്പിന് ഇരയാവുന്നതുവരെ ഇത്തരം തട്ടിപ്പിനെക്കുറിച്ച് ഞാന്‍ അജ്ഞനായിരുന്നു. മയ്യഴിക്കാരനായ ഞാനും എന്നെപ്പോലെയുള്ളവരും സ്വന്തം വാഹനത്തില്‍ ഇന്ധനം നിറയ്കാന്‍ തലശ്ശേരിയില്‍ പോകണം എന്നാണെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് മാഹിയിലെ ഈ തട്ടിപ്പ്പമ്പുകള്‍?

മയ്യഴി കേന്ദ്രമാക്കിയുള്ള കള്ളക്കച്ചവടത്തിനെതിരെ മയ്യഴിയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ മൌനം പാലിക്കുന്നതെന്താണ്?

എണ്ണക്കമ്പനിക്ക് ഉത്തരമില്ല

ഇന്ന് (29.4.2015)ന് വൈകുന്നേരം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നുമുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. വിഷയം 24.4.2015ന് ഞാന്‍ അയച്ച പരാതിയാണ്. അതായത്, മയ്യഴിയിലെ മാവൂര്‍ ട്രേഡ് ലിങ്ക്സ് എന്ന പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ അടിച്ചപ്പോള്‍ അളവില്‍ ഉണ്ടായ കൃത്രിമം. അവര്‍ പരിശോധനയ്ക്കായി പമ്പില്‍ ഉണ്ട്. ഞാന്‍ ചെല്ലാമെന്ന് പറഞ്ഞു. ചെന്നു. അഞ്ച് ലിറ്ററിന്റെ പാത്രത്തില്‍ അളന്ന് നോക്കിയെന്നാണ് അവര്‍ പറഞ്ഞത്!!! അത് ഈ വിഷയത്തില്‍ പരാതിയുണ്ടെന്ന് പറഞ്ഞപ്പോള്‍ പമ്പിലെ സ്റ്റാഫ് പറഞ്ഞ കാര്യമാണ്, അഞ്ച് ലിറ്ററിന്റെ പാത്രത്തില്‍ അടിച്ച് കാണന്‍ച്ചു തരാമെന്ന്. അത് അവര്‍ക്ക് കഴിയുന്ന ഒരു കാര്യമാണ്. അതിനാല്‍ അത് അവര്‍ കാണിച്ചു തരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനോട് ഇക്കാര്യം ഞാന്‍ പറഞ്ഞു അഞ്ച് ലിറ്ററിന്റെ കണക്കല്ല എന്റെ പ്രശ്നം. മറിച്ച്, 46 ലിറ്ററിന്റെ ടാങ്കില്‍ എങ്ങനെയാണ് 61.83 ലിറ്റര്‍ കൊള്ളുന്നതെന്നാണ്. അതിന് തനിക്ക് ഉത്തരമില്ല എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പത്ത് ലിറ്റര്‍ തുടര്‍ച്ചയായി അടിച്ചിട്ട്, കണ്ടില്ലേ വ്യത്യാസമില്ല അളവില്‍ എന്ന് അയാള്‍ പറഞ്ഞു. അളവില്‍ കൃത്രിമം ഉണ്ടെങ്കില്‍ അഞ്ച് ലിറ്റര്‍ കഴിഞ്ഞാല്‍ അളവ് കുറയാനാണ് പ്രോഗ്രാം ചെയ്യുകയെന്നും പറഞ്ഞു. മിടുക്കന്‍!! അപ്പോള്‍ അതാണ് കളി, അഞ്ച് കഴിഞ്ഞ് ഇപ്പോള്‍ അളവില്‍ കുറയില്ല, പത്തു കഴിഞ്ഞാല്‍ കുറയുന്ന വിധത്തിലായിരിക്കും ഇപ്പോഴത്തെ പ്രോഗ്രാമിംഗ്. തരക്കേടില്ല.

കാര്യം എന്തായാലും അളവില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്നും അത് പ്രോഗ്രാമില്‍ തരികിട കാണിച്ചാണ് ചെയ്യുകയെന്നും, പതിവ് രീതി അഞ്ച് കഴിഞ്ഞാല്‍ കുറയുകയെന്നതാണെന്നും ഈ ഉദ്യോഗസ്ഥന്റെ വായില്‍ നിന്നു തന്നെ വന്നു. അതുപോലെ Dresser Wayne കമ്പനിയുടെ ഡിസ്പെന്‍സിംഗ് മെഷീന്‍ റിമോട്ട് കണ്ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണെന്നും അദ്ദേഹം സമ്മതിച്ചു. മെഷീന്‍ തുറന്ന് പാര്‍ട്ടുകള്‍ കാണിച്ചു തന്നു. കണ്ടിടത്തോളം സീല്‍ ഇളക്കാതെ ബൈപ്പാസ് ചെയ്യാവുന്ന വിധത്തിലുള്ളതാണ് അതിനകത്തെ രണ്ട് ബോര്‍ഡുകളും എന്നാണ് തോന്നിയത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനായാലും മയ്യഴിയിലെ ലീഗല്‍ മെട്രോളജി വകുപ്പായാലും പമ്പിലെ ജീവനക്കാരായാലും എല്ലാവരും അഞ്ച് ലിറ്റര്‍ അളവില്‍ കളിക്കുന്നവരാണ്.പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാവുന്ന പാവപ്പെട്ട ഉപഭോക്താക്കളെ പറ്റിക്കാന്‍ ഇതു മതിയാവും. പക്ഷെ, വന്‍ തട്ടിപ്പിന് ഇരയായ എനിക്ക് എന്റെ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരമാണ് വേണ്ടത്. 24ന് അയച്ച പരാതിയില്‍ പരിശോധന 29ന്. എന്തൊരു കൃത്യനിഷ്ഠ! എന്തൊരു വേഗത!!! സമ്മതിക്കുക തന്നെ വേണം.

തട്ടിപ്പുകച്ചവടത്തിന്റെ മേല്‍വിലാസം മയ്യഴി ?

മയ്യഴിയിലെ മാവൂര്‍ ട്രേഡ് ലിങ്ക്സ് എന്ന പെട്രോള്‍പമ്പ് കച്ചവടത്തില്‍ കാണിക്കുന്ന തട്ടിപ്പിനെക്കുറിച്ച് ഞാന്‍ പ്രകടിപ്പിച്ച സംശയം ശരിയാണെന്ന് തെളിയിക്കുന്ന പ്രതികരണങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഫേസ് ബുക്കിലെ കമന്റുകളായും ഷേറിംഗായും മെസ്സേജുകളായും വന്നുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ മയ്യഴിയുടെ മേല്‍വിലാസം ഉപയോഗിച്ചു നടത്തുന്ന ഈ പകല്‍ക്കൊള്ളയ്ക്ക് ഇരയായിട്ടുണ്ട്. അവരില്‍ മിക്കവാറും എല്ലാവരും തട്ടിപ്പിന് ഇരയായോ എന്ന് സംശയമുള്ളവരാണ്. കുറേപ്പേര്‍, വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുകയും അതില്‍ പ്രതിഷേധിക്കുകയും ചെയ്തവരാണ്. എന്നിട്ടും ഇത് ഒരു തടസ്സവുമില്ലാതെ തുടരുന്നത് നമ്മുടെ ജാഗ്രതക്കുറവ് കാരണമാണ്. വ്യക്തിജീവിതത്തിലെ തിരക്കിനിടയില്‍ ഇതുമായി ബന്ധപ്പെട്ട കേസിനും നടപടികള്‍ക്കും പോകാന്‍ നേരമില്ലാത്തതുകൊണ്ടാണ്.
ഈ സാഹചര്യത്തില്‍ സമാനമനസ്കരായ ആളുകളെ സംഘടിപ്പിച്ച് പെട്രോള്‍-ഡീസല്‍ കച്ചവടത്തിലെ തട്ടിപ്പിനെതിരെ ഒരു ജാഗ്രതാസമിതി രൂപീകരിക്കണം എന്ന ആശയം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുപോലെ പല പ്രായോഗികനിര്‍ദ്ദേശങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വൈകാതെ ഒരു യോഗം വിളിക്കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്.
മാവൂര്‍ ട്രേഡ് ലിങ്ക്സ് മാത്രമല്ല മയ്യഴിയിലെ എല്ലാ പെട്രോള്‍ പമ്പുകളെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പരാതി വ്യാപകമായി ഫേസ് ബുക്ക് വഴി പ്രചരിക്കുന്ന സാഹചര്യത്തില്‍ താല്കാലികമായി പമ്പുകള്‍ തട്ടിപ്പിന്റെ അളവ് കുറക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്തിരിക്കാം. എന്നാലും നാം പുലര്‍ത്തേണ്ട ജാഗ്രതയുടെ ഭാഗമായി ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുക.
1, നിങ്ങളുടെ വാഹനത്തിന്റെ ടാങ്കിന്റെ മൊത്തം കപാസിറ്റി, റിസര്‍വ്വ് എന്നിവ എത്രയെന്ന് മാന്വല്‍ നോക്കി മനസ്സിലാക്കിവെക്കുക.
2. ഇന്ധനം നിറയ്ക്കുന്നതിനുമുമ്പ്, ടാങ്കില്‍ ഉണ്ടായിരിക്കാന്‍ ഇടയുള്ള സ്ഥലം എത്ര ലിറ്റര്‍ നിറയ്ക്കാനുള്ളതാണെന്ന് കണക്കുകൂട്ടുക. ഈ കണക്ക് ഏകദേശം ആയിരിക്കാം. എന്നാലും ഒരു അനുമാനം ഉണ്ടായിരിക്കണം.
3. നിങ്ങള്‍ കണക്കാക്കിയതിനേക്കാള്‍ വലിയ വ്യത്യാസം അളവില്‍ ഉണ്ടാവുന്നുവെങ്കില്‍ ഒരു കാരണവശാലും പരാതിപ്പെടാതിരിക്കരുത്. പരാതി രേഖാമുലം നല്കുക.
4.ഓരോ തവണ ഇന്ധനം നിറയ്ക്കുമ്പോഴും നിര്‍ബ്ബന്ധമായും വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തിയ ബില്ല് വാങ്ങുക. മെഷീനില്‍ പ്രിന്റ് ചെയ്ത ബില്ല് വേണം എന്ന് ആവശ്യപ്പെടുക.
പരാതികള്‍ കൈകാര്യം ചെയ്യാന്‍ അഭിഭാഷകരും സന്നദ്ധപ്രവര്‍ത്തകരും അടങ്ങിയ ജാഗ്രതാസമിക്ക് എത്രയും പെട്ടെന്ന് രൂപീകരിക്കേണ്ടതുണ്ട്.
തട്ടിപ്പുകച്ചവടത്തിന്റെ മേല്‍വിലാസം മയ്യഴി എന്ന് ആകാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തുക.

മയ്യഴിയിലെ പെട്രോള്‍-ഡീസല്‍ കച്ചവടത്തിലെ മായാജാലങ്ങള്‍

ഇന്ന് (24.4.2015ന്) ഉച്ചയ്ക്ക് മയ്യഴിയിലെ മാവൂര്‍ ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തില്‍ കാറിന് ഡീസലടിക്കാന്‍ പോയി. ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ പറഞ്ഞു. സ്ക്രീനില്‍ നോക്കിനിന്ന എന്നെ അമ്പരപ്പിച്ചുകൊണ്ട് 50 ലിറ്റര്‍ കടന്നു, 55കടന്നു, പിന്നെ അറുപതും കടന്നു... ഇതെന്ത് അത്ഭുതം, ടാങ്കിന്റെ കപാസിറ്റി എന്റെ ഓര്‍മ്മയില്‍ 55 ലിറ്ററാണ്. ഫുള്‍ ടാങ്ക് ആയപ്പോള്‍ 61.83 ലിറ്റര്‍, മൂവായിരം രൂപ. ഫോക്സ് വാഗനില്‍ സംശയം തീര്‍ക്കാന്‍ വിളിച്ചു. ടാങ്കിന്റെ കപാസിറ്റി 55 ലിറ്ററാണെങ്കിലും പലര്‍ക്കും 56 ലിറ്ററൊക്കെ നിറയാറുണ്ടെന്നതാണ് അവസ്ഥയെന്നാണ് ഉത്തരം.വണ്ടിയില്‍ സൂക്ഷിച്ച മാനുവല്‍ എടുത്തുനോക്കാന്‍ അപ്പോഴാണ് തോന്നിയത്. അത്ഭുതം. താഴെ കൊടുത്ത ചിത്രം 1 നോക്കൂ: ആകെ ശേഷി 55 ലിറ്റര്‍, അതില്‍ ഏകദേശം 7.01റിസര്‍വ്വ്!!! അതായത്, റിസര്‍വ്വ് ഉപയോഗിച്ചിട്ടില്ലെങ്കില്‍ 48ലിറ്ററിനപ്പുറം ഒരു തുള്ളി കയറരുത്. അവിടെയാണ് മാവൂര്‍ ട്രേഡ് ലിങ്ക്സ് 61.83 ലിറ്റര്‍ നിറയ്ക്കുക എന്ന മഹേന്ദ്രജാലം കാണിച്ചത്. അതായത് 13.83 ലിറ്റര്‍ ഡീസല്‍. ലിറ്ററിന് വില 48രൂപ 52 നയാ പൈസ. അതായത് 671 രൂപ 03 നയാ പൈസ ഈ മഹേന്ദ്രജാലത്തിന് എന്റെ പക്കല്‍ നിന്നും വാങ്ങിയിട്ടുണ്ട്. മുതുകാടിന്റെ മാജിക്കിലെ ഒരു ഐറ്റം കാണാന്‍ ഇത്രയും പൈസ കൊടുക്കേണ്ടിവരുമോ? മാവൂര്‍ ട്രേഡ് ലിങ്ക്സിന്റെ ബില്ല് താഴെ കാണുക. എന്റെ കാറിന്റെ നമ്പര്‍,തിയ്യതി,സമയം എന്നിങ്ങനെ എല്ലാ വിവരവും കാണാം.

മാഹി പാലത്തിനടുത്ത്, ആദ്യത്തെ പെട്രോള്‍ പമ്പാണിത്. മാഹിയിലെ മറ്റ് പമ്പുകളിലെ മായാജാലത്തിന്റെ കണക്ക് നോക്കണം.