Tuesday, May 5, 2015

എണ്ണക്കമ്പനിക്ക് ഉത്തരമില്ല

ഇന്ന് (29.4.2015)ന് വൈകുന്നേരം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നുമുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. വിഷയം 24.4.2015ന് ഞാന്‍ അയച്ച പരാതിയാണ്. അതായത്, മയ്യഴിയിലെ മാവൂര്‍ ട്രേഡ് ലിങ്ക്സ് എന്ന പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ അടിച്ചപ്പോള്‍ അളവില്‍ ഉണ്ടായ കൃത്രിമം. അവര്‍ പരിശോധനയ്ക്കായി പമ്പില്‍ ഉണ്ട്. ഞാന്‍ ചെല്ലാമെന്ന് പറഞ്ഞു. ചെന്നു. അഞ്ച് ലിറ്ററിന്റെ പാത്രത്തില്‍ അളന്ന് നോക്കിയെന്നാണ് അവര്‍ പറഞ്ഞത്!!! അത് ഈ വിഷയത്തില്‍ പരാതിയുണ്ടെന്ന് പറഞ്ഞപ്പോള്‍ പമ്പിലെ സ്റ്റാഫ് പറഞ്ഞ കാര്യമാണ്, അഞ്ച് ലിറ്ററിന്റെ പാത്രത്തില്‍ അടിച്ച് കാണന്‍ച്ചു തരാമെന്ന്. അത് അവര്‍ക്ക് കഴിയുന്ന ഒരു കാര്യമാണ്. അതിനാല്‍ അത് അവര്‍ കാണിച്ചു തരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനോട് ഇക്കാര്യം ഞാന്‍ പറഞ്ഞു അഞ്ച് ലിറ്ററിന്റെ കണക്കല്ല എന്റെ പ്രശ്നം. മറിച്ച്, 46 ലിറ്ററിന്റെ ടാങ്കില്‍ എങ്ങനെയാണ് 61.83 ലിറ്റര്‍ കൊള്ളുന്നതെന്നാണ്. അതിന് തനിക്ക് ഉത്തരമില്ല എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പത്ത് ലിറ്റര്‍ തുടര്‍ച്ചയായി അടിച്ചിട്ട്, കണ്ടില്ലേ വ്യത്യാസമില്ല അളവില്‍ എന്ന് അയാള്‍ പറഞ്ഞു. അളവില്‍ കൃത്രിമം ഉണ്ടെങ്കില്‍ അഞ്ച് ലിറ്റര്‍ കഴിഞ്ഞാല്‍ അളവ് കുറയാനാണ് പ്രോഗ്രാം ചെയ്യുകയെന്നും പറഞ്ഞു. മിടുക്കന്‍!! അപ്പോള്‍ അതാണ് കളി, അഞ്ച് കഴിഞ്ഞ് ഇപ്പോള്‍ അളവില്‍ കുറയില്ല, പത്തു കഴിഞ്ഞാല്‍ കുറയുന്ന വിധത്തിലായിരിക്കും ഇപ്പോഴത്തെ പ്രോഗ്രാമിംഗ്. തരക്കേടില്ല.

കാര്യം എന്തായാലും അളവില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്നും അത് പ്രോഗ്രാമില്‍ തരികിട കാണിച്ചാണ് ചെയ്യുകയെന്നും, പതിവ് രീതി അഞ്ച് കഴിഞ്ഞാല്‍ കുറയുകയെന്നതാണെന്നും ഈ ഉദ്യോഗസ്ഥന്റെ വായില്‍ നിന്നു തന്നെ വന്നു. അതുപോലെ Dresser Wayne കമ്പനിയുടെ ഡിസ്പെന്‍സിംഗ് മെഷീന്‍ റിമോട്ട് കണ്ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണെന്നും അദ്ദേഹം സമ്മതിച്ചു. മെഷീന്‍ തുറന്ന് പാര്‍ട്ടുകള്‍ കാണിച്ചു തന്നു. കണ്ടിടത്തോളം സീല്‍ ഇളക്കാതെ ബൈപ്പാസ് ചെയ്യാവുന്ന വിധത്തിലുള്ളതാണ് അതിനകത്തെ രണ്ട് ബോര്‍ഡുകളും എന്നാണ് തോന്നിയത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനായാലും മയ്യഴിയിലെ ലീഗല്‍ മെട്രോളജി വകുപ്പായാലും പമ്പിലെ ജീവനക്കാരായാലും എല്ലാവരും അഞ്ച് ലിറ്റര്‍ അളവില്‍ കളിക്കുന്നവരാണ്.പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാവുന്ന പാവപ്പെട്ട ഉപഭോക്താക്കളെ പറ്റിക്കാന്‍ ഇതു മതിയാവും. പക്ഷെ, വന്‍ തട്ടിപ്പിന് ഇരയായ എനിക്ക് എന്റെ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരമാണ് വേണ്ടത്. 24ന് അയച്ച പരാതിയില്‍ പരിശോധന 29ന്. എന്തൊരു കൃത്യനിഷ്ഠ! എന്തൊരു വേഗത!!! സമ്മതിക്കുക തന്നെ വേണം.

No comments:

Post a Comment