Tuesday, May 5, 2015

തട്ടിപ്പുകച്ചവടത്തിന്റെ മേല്‍വിലാസം മയ്യഴി ?

മയ്യഴിയിലെ മാവൂര്‍ ട്രേഡ് ലിങ്ക്സ് എന്ന പെട്രോള്‍പമ്പ് കച്ചവടത്തില്‍ കാണിക്കുന്ന തട്ടിപ്പിനെക്കുറിച്ച് ഞാന്‍ പ്രകടിപ്പിച്ച സംശയം ശരിയാണെന്ന് തെളിയിക്കുന്ന പ്രതികരണങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഫേസ് ബുക്കിലെ കമന്റുകളായും ഷേറിംഗായും മെസ്സേജുകളായും വന്നുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ മയ്യഴിയുടെ മേല്‍വിലാസം ഉപയോഗിച്ചു നടത്തുന്ന ഈ പകല്‍ക്കൊള്ളയ്ക്ക് ഇരയായിട്ടുണ്ട്. അവരില്‍ മിക്കവാറും എല്ലാവരും തട്ടിപ്പിന് ഇരയായോ എന്ന് സംശയമുള്ളവരാണ്. കുറേപ്പേര്‍, വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുകയും അതില്‍ പ്രതിഷേധിക്കുകയും ചെയ്തവരാണ്. എന്നിട്ടും ഇത് ഒരു തടസ്സവുമില്ലാതെ തുടരുന്നത് നമ്മുടെ ജാഗ്രതക്കുറവ് കാരണമാണ്. വ്യക്തിജീവിതത്തിലെ തിരക്കിനിടയില്‍ ഇതുമായി ബന്ധപ്പെട്ട കേസിനും നടപടികള്‍ക്കും പോകാന്‍ നേരമില്ലാത്തതുകൊണ്ടാണ്.
ഈ സാഹചര്യത്തില്‍ സമാനമനസ്കരായ ആളുകളെ സംഘടിപ്പിച്ച് പെട്രോള്‍-ഡീസല്‍ കച്ചവടത്തിലെ തട്ടിപ്പിനെതിരെ ഒരു ജാഗ്രതാസമിതി രൂപീകരിക്കണം എന്ന ആശയം ഉയര്‍ന്നുവന്നിട്ടുണ്ട്. അതുപോലെ പല പ്രായോഗികനിര്‍ദ്ദേശങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വൈകാതെ ഒരു യോഗം വിളിക്കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്.
മാവൂര്‍ ട്രേഡ് ലിങ്ക്സ് മാത്രമല്ല മയ്യഴിയിലെ എല്ലാ പെട്രോള്‍ പമ്പുകളെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പരാതി വ്യാപകമായി ഫേസ് ബുക്ക് വഴി പ്രചരിക്കുന്ന സാഹചര്യത്തില്‍ താല്കാലികമായി പമ്പുകള്‍ തട്ടിപ്പിന്റെ അളവ് കുറക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്തിരിക്കാം. എന്നാലും നാം പുലര്‍ത്തേണ്ട ജാഗ്രതയുടെ ഭാഗമായി ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുക.
1, നിങ്ങളുടെ വാഹനത്തിന്റെ ടാങ്കിന്റെ മൊത്തം കപാസിറ്റി, റിസര്‍വ്വ് എന്നിവ എത്രയെന്ന് മാന്വല്‍ നോക്കി മനസ്സിലാക്കിവെക്കുക.
2. ഇന്ധനം നിറയ്ക്കുന്നതിനുമുമ്പ്, ടാങ്കില്‍ ഉണ്ടായിരിക്കാന്‍ ഇടയുള്ള സ്ഥലം എത്ര ലിറ്റര്‍ നിറയ്ക്കാനുള്ളതാണെന്ന് കണക്കുകൂട്ടുക. ഈ കണക്ക് ഏകദേശം ആയിരിക്കാം. എന്നാലും ഒരു അനുമാനം ഉണ്ടായിരിക്കണം.
3. നിങ്ങള്‍ കണക്കാക്കിയതിനേക്കാള്‍ വലിയ വ്യത്യാസം അളവില്‍ ഉണ്ടാവുന്നുവെങ്കില്‍ ഒരു കാരണവശാലും പരാതിപ്പെടാതിരിക്കരുത്. പരാതി രേഖാമുലം നല്കുക.
4.ഓരോ തവണ ഇന്ധനം നിറയ്ക്കുമ്പോഴും നിര്‍ബ്ബന്ധമായും വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തിയ ബില്ല് വാങ്ങുക. മെഷീനില്‍ പ്രിന്റ് ചെയ്ത ബില്ല് വേണം എന്ന് ആവശ്യപ്പെടുക.
പരാതികള്‍ കൈകാര്യം ചെയ്യാന്‍ അഭിഭാഷകരും സന്നദ്ധപ്രവര്‍ത്തകരും അടങ്ങിയ ജാഗ്രതാസമിക്ക് എത്രയും പെട്ടെന്ന് രൂപീകരിക്കേണ്ടതുണ്ട്.
തട്ടിപ്പുകച്ചവടത്തിന്റെ മേല്‍വിലാസം മയ്യഴി എന്ന് ആകാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തുക.

No comments:

Post a Comment